ആരാണു ശിവൻ..?


സൃഷ്ടിയാണു ശിവൻ, സ്തിതിയാണു ശിവൻ, സംഹാരമാണു ശിവൻ, പ്രപഞ്ചമാണു, പ്രകൃതിയാണു ശിവൻ, കാറ്റും, മഴയും, അഗ്നിയും, ജലവും, പർവ്വതവും, മഞ്ഞും, തണുപ്പും, ചൂടും, മനുഷ്യനും, മൃഗവും ഞാനും, നീയും എല്ലാം ശിവൻ തന്നെ. ശിവമയം ജഗദ്‌ സർവ്വം. :

ദേവതാ സങ്കൽപ്പങ്ങളിൽ വച്ച്‌ ഏറ്റവും അമൂർത്തമായതാണ് ശിവ സങ്കൽപ്പം. അത്‌ പരിപൂർണ്ണതയുടെ വൈകാരികഭാവമാണു. മഹാദേവന്റെ ശിരസിൽ നിന്ന് ഗംഗ പ്രവഹിക്കുന്നുവെന്ന സങ്കൽപ്പത്തോളം വന്യമായ സങ്കൽപ്പം മറ്റൊന്നുണ്ടോ..? ശക്തിയുടേയും, ഊർജ്ജത്തിന്റേയും പരമ കോടിയൊലുള്ള സങ്കൽപ്പമാണു ശിവൻ. ചന്ദ്രനെ ശിരസിൽ ധരിച്ചവൻ, ഗംഗയെ ശിരസിൽ വഹിച്ചവൻ, സർപ്പ കുണ്ഡലങ്ങളും, സർപ്പ മാലകളും അണിഞ്ഞവൻ, വ്യാഘ്ര ചർമ്മത്തെ വസ്ത്രമാക്കിയവൻ, ചുടല ഭസ്മം പൂശിയവൻ, പ്രകൃതിയുടെ വൈവിദ്ധ്യമാർന്ന മഹാ സങ്കൽപ്പം ഒരു ദേവനിൽ സമ്മേളിക്കുകയാണവിടെ. ഒരു മഹാപ്രകൃതി സങ്കൽപ്പം.

വ്യവസ്ഥാപിതമായ ദേവതാ സങ്കൽപ്പങ്ങളിൽ നിന്നു കൊണ്ട്‌ അപ്പോൾ ശിവസങ്കൽപ്പത്തെ രൂപകൽപ്പന ചെയ്യാൻ  നമുക്ക്‌ സാധിക്കില്ല. അത്രമേൽ ഉത്കൃഷ്ഠമായ സങ്കൽപ്പമാണു ശൈവ സങ്കൽപ്പം. ശക്തിയുടേയും ഊർജ്ജത്തിന്റേയും മഹാ സങ്കൽപ്പം കൂടിയാണു ശിവൻ. ഊർജ്ജത്തിന്റെ മഹാവിസ്ഫോടനത്തിനു പ്രാപ്തൻ. എന്നാൽ ശാന്തസ്വരൂപനായ സദാശിവനും ശിവനാണു. ലോക ഗുരുവായ ദക്ഷിണാമൂർത്തിയും ശിവൻ തന്നെ. പഞ്ചമുഖനാണു ശിവൻ. ഈശാനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദോജാതൻ ഇവയാണു ശിവന്റെ പഞ്ചമുഖങ്ങൾ. ഈ അഞ്ചും, ശിവ സങ്കൽപ്പത്തിലെ അഞ്ച്‌ ഭാവങ്ങളെ കൽപ്പിക്കുന്നു. അമൂർത്തതയുടെ അതീന്ദ്രിയ സങ്കൽപ്പം. സാമന്യ മനുഷ്യന്റെ ഭാവ കൽപ്പനകളിലൊന്നും ഒതുങ്ങാത്ത മഹാമൂർത്തി.

നടരാജനാണ് ശിവന്‍. ശിവ താണ്ഡവമാണ് നാട്യകല്‍പ്പനയുടെ ആദ്യ ചുവടുകള്‍. രൗദ്രവും, വന്യവുമാണ് ആ ചുവടുകള്‍. ശിവഭഗവാന്‍റെ ഡമരുവിന്‍റെ താളമാണ് അതിന് പിന്നണി. പ്രപഞ്ചതാളം തന്നെയാണ് അത്.  ആദി യോഗിയും ശിവന്‍ തന്നെ. ശക്തി ചക്രങ്ങളാല്‍ പൂരിതമായ ശരീരത്തെ യോഗമുറയിലുടെ കുണ്ഡലനീ ശക്തിയെ ഉദ്ദീപിപ്പിച്ച് പരമ പുരുഷനായി മാറിയ ആദിയോഗി. ഭൗതീകമായ ശരീരത്തന്‍റെ പരിമിതികള് മനസിലാക്കി അതിനപ്പുറ ത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്ന യാളാണ് ഒരു യോഗി. പഞ്ച ഭൂതങ്ങളേയും വരുതിയിലാക്കുവാനുള്ള സിദ്ധിയാണ് ഒരു യോഗിക്ക് വേണ്ടത്.

സംഹാര രുദ്രനാണ് ശിവന്‍. ചുടലയില്‍ താമ സിക്കുന്ന മഹാകാലന്‍. കൗതുകമായ ഒരു കല്‍പ്പനയാണത്. ശ്മശാനം എന്നാല്‍ ജീവാന്തമല്ല. കായാന്തമാണ്. കായം എന്നാല്‍ ശരീരം. ശരീരം അവസാനിക്കുന്ന ഇടമാണ് ശ്മശാനം. ജീവന്‍ അവിടെ അവസാനിക്കുന്നില്ല.ശരീരം മാത്രം അവസാനിക്കുന്നു. അവിടെയാണ് ശിവന്‍റെ മഹാകാല സങ്കല്‍പ്പം അധിവസിക്കുന്നത്. ശിവന്‍ സംഹാര മൂര്‍ത്തിയാകുന്നതും അവിടെയാണ്. ജീവനെയല്ല സംഹരിക്കുന്നത്. ശരീരത്തെ മാത്രമാണ്. ജീവതത്തിലെ ഏറ്റവും അര്‍ത്ഥ പൂര്‍ണ്ണമായ ആ ഇടത്താണ് മഹാകാലന്‍ വസിക്കുന്നത്. ദേഹം ഉപേക്ഷിച്ച് ദേഹി തനിച്ചുള്ള യാത്ര തുടങ്ങുന്നത് അവിടം മുതലാണ്. ശിവ കല്‍പ്പന വന്യമാകുന്നത് അവിടെയാണ്.
ശരീരം ഭൗതീകതയുടെയും ലൗകീകതയുടേയും പ്രതീകമാണു, അതായത്‌ ശിവൻ സംഹരിക്കുന്നത്‌ ഭൗതീക ബോധത്തെയാണു. ശിവകൽപ്പനയുടെ പൊരുൾ തന്നെ ഭൗതീകതയുടെ അന്ത്യമാണു. ആത്മീയതയാണു പരമമായ സത്യമെന്ന് കൂടി ഇത്‌ വെളിവാക്കുന്നു. അതിനാല്‍തന്നെയാണ് ശിവ ഭക്തി ഭയം കലര്‍ന്ന ഭക്തയായി പരിണമിക്കുന്നത്. സാമാന്യ മനുഷ്യന്‍റെ ഭാവനാതലത്തിലൊന്നും ഒതുങ്ങാത്ത അത്രയും അത്യുന്നതമായ മഹാമൂര്‍ത്തി കല്‍പ്പന.

ഈ പ്രപഞ്ചം മുഴുവൻ ഭസ്മമാക്കി കളയുവാൻ പ്രാപ്തമായ കാളകൂട വിഷത്തെ സംശയമേതുമില്ലാതെ കോരിക്കുടിച്ച് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു കാരണക്കാരനായ മഹാനീലകണ്ഠപ്പെരുമാളാണു ശിവൻ. സംഹാര മൂർത്തി കൽപനയ്ക്ക്‌ വിരുദ്ധമാണത്‌.   സംഹാര മുർത്തികൽപനയിൽ നിന്നുള്ള മാറ്റം. പക്ഷേ എന്നാൽ അതാണു ശിവ കൽപ്പന. അതാണു ശിവ തത്വം, സൃഷ്ടിയും, സ്തിതിയും, സംഹാരവും എല്ലാം ഒന്നിലേക്ക്‌ ലയിക്കുന്ന മഹാ തത്വം. തിരുവാതിര വ്രതമാചരിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട തത്വം ഇത് തന്നെയാണ്.

അപ്പോൾ ചോദ്യമിതാണു ആരാണു ശിവൻ..? സൃഷ്ടിയാണു ശിവൻ, സ്തിതിയാണു ശിവൻ, സംഹാരമാണു ശിവൻ, പ്രപഞ്ചമാണു, പ്രകൃതിയാണു ശിവൻ, കാറ്റും, മഴയും, അഗ്നിയും, ജലവും, പർവ്വതവും, മഞ്ഞും, തണുപ്പും, ചൂടും, മനുഷ്യനും, മൃഗവും ഞാനും, നീയും എല്ലാം ശിവൻ തന്നെ. ശിവമയം ജഗദ്‌ സർവ്വം.

ന പുണ്യം ന പാപം ന ദുഃഖം ന സൗഖ്യം
ന മന്ത്രോ ന തീർത്ഥം ന വേദാ ന യജ്ഞ:
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്ത
ചിദാനന്ദരൂപം ശിവോഹം ശിവോഹം.

ന മേ മൃത്യു ശങ്ക ന മേ ജാതി ഭേദ:
പിതാ നൈവ മേ നൈവ മാതാ ന ജന്മ:
ന ബന്ധുർ ന മിത്രം ഗുരുർ നൈവ ശിഷ്യ:
ചിദാനന്ദരൂപം ശിവോഹം ശിവോഹം..

ചിദാനന്ദ രൂപം ശിവോഹം, ശിവോഹം..

Comments

Popular posts from this blog

ത്രയംബകന്‍